സഹതാപതരംഗം കൊണ്ട് മാത്രം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്‍. സമവായങ്ങള്‍ നോക്കിയാകണം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത്. കെ.വി. തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ യു.ഡി.എഫിന് 10,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കൂ. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്നത് സംബന്ധിച്ച് പ്രതികരിക്കാനില്ല എന്നും സ്ഥാനാര്‍ത്ഥി ആരാകും എന്നതില്‍ തീരുമാനം പാര്‍ട്ടിയുടേതാകും എന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഉമ തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡൊമിനിക് പ്രസന്റേഷന്റെ പ്രസ്താവന. മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ ഒന്നിന് വോട്ടെണ്ണും. എന്നാല്‍ തൃക്കാക്കര എല്‍.ഡി.എഫ് പിടിക്കുമെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. 100 മണ്ഡലം തികയ്ക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും രാജീവ് പറഞ്ഞു.