‘വെള്ളപ്പൊക്കത്തില്‍’; ആട്ടിന്‍ കുഞ്ഞുങ്ങളെ കടിച്ചെടുത്ത് ഉയര്‍ന്ന പ്രദേശത്തേക്ക്; നായ്ക്കള്‍ രക്ഷിച്ചത് 47 ആടുകളെ
തകഴിയുടെ പ്രസിദ്ധ ചെറുകഥ ‘വെള്ളപ്പൊക്കത്തില്‍’ ഓര്‍മ്മിപ്പിച്ച് നിലമ്പൂരിലെ വളര്‍ത്തു നായ്ക്കള്‍. ചെറുകഥയിലുള്ളത് മനസ് നോവിപ്പിച്ച, മരണം വരെ വീടിന് കാവല്‍ നിന്ന ദുരന്ത നായകനാണെങ്കില്‍ നെടുങ്കയം ആദിവാസി കോളനിയിലെ അഞ്ച് നായ്ക്കള്‍ ഒരു ആട്ടിന്‍ കൂട്ടത്തേയും കോഴികൂട്ടത്തേയും രക്ഷിച്ച ഹീറോകളാണ്. നാല് ദിവസമാണ് നായ്ക്കളും ആടുകളും കോഴികളും ഒരുമയോടെ പട്ടിണി കിടന്നത്. വിശന്ന് തളര്‍ന്നിട്ടും നായ്ക്കള്‍ കോഴികളേയോ ആട്ടിന്‍ കുഞ്ഞുങ്ങളെയോ ആഹാരമാക്കാന്‍ തുനിഞ്ഞില്ല.
ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പേമാരിയേത്തുടര്‍ന്ന് നെടുങ്കയം ആദിവാസി കോളനിയില്‍ വെള്ളം കയറി. കഴുത്തൊപ്പം വെള്ളം ആയതോടെ ജാനകിയമ്മയ്ക്കും കുടുംബത്തിനും വീട് ഉപേക്ഷിക്കാതെ വഴിയില്ലെന്നായി. 47 ആടുകളേയും അഞ്ച് നായ്ക്കളേയും കോഴികളേയും തുറന്നുവിട്ട ശേഷം ജാനകിയമ്മയും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് പോയി. തുടര്‍ന്നങ്ങോട്ട് അഞ്ച് നായ്ക്കളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. വെള്ളം പൊങ്ങി വരുന്നതിന് അനുസരിച്ച് ആട്ടിന്‍ കൂട്ടത്തേയും കോഴികളേയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നയിച്ചു. നാല് ആട്ടിന്‍ കുഞ്ഞുങ്ങളെ പരുക്കേല്‍ക്കാത്തവിധം കടിച്ചുപിടിച്ചു നടന്നു. വെള്ളമിറങ്ങിയ ശേഷം ദുരിതാശ്വാസക്യാംപില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ജാനകിയമ്മ കണ്ടത് നായ്ക്കളും ആടുകളും കോഴികളും കൂടിചേര്‍ന്ന് നില്‍ക്കുന്നതാണ്.
ഏറ്റവും പ്രധാനപ്പെട്ട പാഠമാണ് ഈ ജീവികള്‍ പഠിപ്പിക്കുന്നതെന്ന് ഹ്യുമെന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ സാലി വര്‍മ്മ പറയുന്നു. ദ ഹിന്ദു ദിനപത്രത്തോടായിരുന്നു സാലിയുടെ പ്രതികരണം.
എല്ലാവരും വിശന്ന് തളര്‍ന്ന് വീഴാറായ അവസ്ഥയിലായിരുന്നു. എന്നിട്ടും അവര്‍ പരസ്പരം സംരക്ഷിച്ചു. സഹവര്‍ത്തിത്വത്തേക്കുറിച്ച് ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് ഇവര്‍ നമുക്ക് നല്‍കുന്നത്.
സാലി വര്‍മ്മ
ആട്-കോഴി-നായ സംഘത്തെ മുഴുവന്‍ പരിശോധിച്ച ശേഷം സാലി വര്‍മ്മ 100 കിലോഗ്രാം ആട്ടിന്‍ തീറ്റയും 50 കിലോ ഡോഗ്ഫുഡും ഇവര്‍ക്കായി എത്തിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ആഹാരം മാത്രമാണ് ജാനകിയമ്മ സ്വീകരിച്ചത്. ആടും കോഴിയും നായയും എല്ലാം ഒരേ പാത്രത്തില്‍ നിന്ന് കഴിക്കുന്നത് കണ്ട് അത്ഭുദം തോന്നിയെന്നും സാലി പറയുന്നു. ആടിനേയും കോഴിയേയും ഉപേക്ഷിച്ച് നായ്ക്കള്‍ പോകില്ലെന്നും തങ്ങളാല്‍ ആവുന്ന വിധം അവയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെന്ന് ജാനകിയമ്മയുടെ മകന്‍ കലേഷ് പറഞ്ഞു.
വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ മണ്ണിനടിയിലായ വീടിന് മുകളില്‍ നിന്ന് മാറാതെ നിന്ന നായയുടെ ചിത്രം വൈറലായിരുന്നു. നായയുടെ ഉടമസ്ഥന്‍ ശിവന്‍ പള്ളത്തിന്റെ കുടുംബത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അനുമാനം. നായയെ സാലി വര്‍മ്മയുടെ നേതൃത്വത്തില്‍ ഹിസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയി.