ആക്ടിവിസ്റ്റും കവിയുമായ വരവരറാവുവിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തെ ജയിലിലിട്ട് കൊല്ലരുതെന്നും അപേക്ഷിച്ച് കുടുംബം. വരവരറാവുവിനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ആവശ്യപ്പെടുന്നു. നിലിവില്‍ തലോജ ജയിലിലാണ് വരവരറാവു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചതെന്നും കുടുംബം പറയുന്നുണ്ട്. '70 വര്‍ഷം മുമ്പ് നടന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനെകുറിച്ചാണ് ആരോഗ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത്. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഈ ഒരവസ്ഥയില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു കുട്ടിയോട് സംസാരിക്കുന്നത് പോലെയായിരുന്നു അത്', വരവരറാവുവിന്റെ മകള്‍ പറയുന്നു.
വരവരറാവുവിന് ഇപ്പോള്‍ ചികിത്സ നല്‍കുന്ന തലോജ ജയില്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളില്ലെന്നും മകള്‍ പറയുന്നുണ്ട്. നല്ലൊരു ആശുപ്ത്രിയിലേക്ക് മാറ്റിയാലെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനാകൂ എന്നും കുടുംബം പറഞ്ഞു.
വരവരറാവു 2018 മുതല്‍ ജയിലിലാണ്. ഭീമ-കൊരെഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാണ് ആരോപണം. യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് നേരത്തെ അദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടെടുക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.