മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം, സ്റ്റാലിനോട് ഡി.എം.കെ ഇടുക്കി ഘടകം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം, സ്റ്റാലിനോട് ഡി.എം.കെ ഇടുക്കി ഘടകം
Published on

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യവുമായി ഡി.എം.കെ ഇടുക്കി ഘടകം രംഗത്ത്. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍ പാര്‍ട്ടി നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ അറിയിക്കാനാണ് തീരുമാനം.

അടുത്ത ആഴ്ച തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി ഫിലിപ്പ് എബ്രഹാം അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായാണ് ഡി.എം.കെ കേരള ഘടകം പ്രതികരിക്കുന്നത്. അതേസമയം ഇരു സംസ്ഥാനങ്ങളുടെയും താത്പര്യം സംരക്ഷിക്കുമെന്നാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്റ്റാലിന്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണെന്നും കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ അറിയിച്ചു.

നിലവില്‍ മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയത്. ജലനിരപ്പ് 138 അടിയില്‍ തുടരുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ഷട്ടറും തുറന്നിരിക്കുന്നത്. ഇതോടെ അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 825 ക്യുസെക്‌സായി.

അതേസമയം മുല്ലപ്പെരിയാറില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in