മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല കളക്ടറാക്കി നിയമിച്ചതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി.
'കമന്റ് ബോക്‌സില്‍ കമന്റ് ചെയ്യുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു' എന്ന് പേജില്‍ കാണാം. എന്നാല്‍ മറ്റ് 13 ജില്ല കളക്ടര്‍മാരുടെയും ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സുകള്‍ ലഭ്യമാണ്.
ശ്രീറാം വെങ്കിട്ടരാമനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയെ ഇതുപോലെ ഒരു വലിയ പദവിയില്‍ ഇരുത്തുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്‍ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റില്‍ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണുരാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടര്‍ ആയാണ് പുതിയ നിയമനം.