ദിലീപിന്റെ ഫോണിലെ 12 പേരുടെ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു, ദുരൂഹമെന്ന് പൊലീസ്

ദിലീപിന്റെ ഫോണിലെ 12 പേരുടെ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു, ദുരൂഹമെന്ന് പൊലീസ്
Published on

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ ദിലീപ് മൊബൈല്‍ ഫോണിലെ ചാറ്റുകളും സംഭാഷണങ്ങളും നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. 12 പേരുമായി നടത്തിയ ചാറ്റുകളും സംഭാഷണങ്ങളുമാണ് വീണ്ടെടുക്കാന്‍ ആകാത്ത വിധം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ഗാലിഫുമായുള്ള ആശയവിനിമയങ്ങള്‍ ഉള്‍പ്പെടുന്ന ചാറ്റ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും നശിപ്പിച്ചു.

കൂടാതെ നടിയും ഭാര്യയുമായ കാവ്യ മാധവന്‍, മലയാളത്തിലെ പ്രമുഖ നടി, ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥ എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് ഈ വിവരങ്ങള്‍ നീക്കിയതെന്ന് സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചാറ്റുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെതിരായ റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in