സിപിഐക്ക് അടിയുടെ പിന്നാലെ അറസ്റ്റും; ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ലോക്കല്‍ കമ്മിറ്റിയംഗത്തെ പിടികൂടി

സിപിഐക്ക് അടിയുടെ പിന്നാലെ അറസ്റ്റും; ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ലോക്കല്‍ കമ്മിറ്റിയംഗത്തെ പിടികൂടി

Published on

ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ ലോക്കല്‍ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു. പ്രാദേശിക നേതാവായ അന്‍സാര്‍ അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചു എന്നതടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ലോക്കല്‍ കമ്മിറ്റിയംഗത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. അന്‍സാര്‍ അലിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

എംഎല്‍എ എല്‍ദോ എബ്രഹാമും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് പരുക്കേറ്റ ലാത്തിച്ചാര്‍ജില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആവശ്യമുയര്‍ത്തുന്നതിനിടെയാണ് പൊലീസ് നടപടി.

ലാത്തിച്ചാര്‍ജ് സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും നടപടി വേണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഞാറയ്ക്കല്‍ സിഐയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയ്ക്ക് കത്തയ്ക്കുമെന്ന് ജില്ലാ സെക്രട്ടരി പി രാജു പറഞ്ഞു.

വൈപ്പിന്‍ ഗവണ്‍മെന്റ് കോളേജിലുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തേത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. പക്ഷപാതം കാണിച്ച ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 23ന് സിപിഐ മാര്‍ച്ച് നടത്തി. എംഎല്‍എയും ജില്ലാസെക്രട്ടരിയും അടക്കം 15 സിപിഐക്കാര്‍ക്ക് മര്‍ദ്ദനത്തില്‍ പരുക്കേറ്റു. എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന് വാര്‍ത്തകളുണ്ടായി. എസ് ഐ വിപിന്‍ദാസ് എംഎല്‍എയെ ലാത്തിക്കടിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഭരണകക്ഷി മുന്നണിയിലെ പാര്‍ട്ടിക്കാര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൃദുസമീപനം പുലര്‍ത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

logo
The Cue
www.thecue.in