കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള നടൻ അക്ഷയ് കുമാറിന്റെയും ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെയും ട്വിറ്റുകളെ വിമർശിച്ച് യൂടൂബർ ധ്രുവ് റാത്തി. രണ്ടുപേരുടെയും ട്വീറ്റുകൾ ഒരുപോലെയാണെന്നും ഐടി സെൽ ഇരുവർക്കും ഒരുപോലത്തെ സ്ക്രിപ്റ്റ് ആണ് നൽകിയതെന്നും ധ്രുവ് റാത്തി പറഞ്ഞു. അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും, കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള വിദേശമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പും ധ്രുവ് റാത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സാമൂഹ്യവും രാഷ്ട്രീയപരവുമായ വിഷയങ്ങളിലുള്ള പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടിയ യൂടൂബർ ആണ് ധ്രുവ് റാത്തി.
'രാജ്യത്തെ പ്രധാനപ്പെട്ടവരാണ് കൃഷിക്കാർ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കുന്ന ശ്രമങ്ങൾ പ്രകടമാണ്. സൗഹാർദ്ദപരമായ പരിഹാരങ്ങളെ പിന്തുണയ്ക്കാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക'. ഇപ്രകാരമായിരുന്നു അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ട്വീറ്റ്. ഇവരുടെ ട്വീറ്റിനെ വിമർശിച്ചുക്കൊണ്ടായിരുന്നു ധ്രുവ് റാത്തി ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്‌റുകളും സെലിബ്രിറ്റികള്‍ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ല. ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുമാണ് കര്‍ഷക പ്രതിഷേധത്തെ കാണേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.