മുഖ്യമന്ത്രിയെ ധര്‍മ്മടത്ത് നേരിടുന്നത് കെ.സുധാകരന്‍ നിര്‍ദേശിച്ച സി.രഘുനാഥ്, ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പത്രിക നല്‍കി

മുഖ്യമന്ത്രിയെ ധര്‍മ്മടത്ത് നേരിടുന്നത് കെ.സുധാകരന്‍ നിര്‍ദേശിച്ച സി.രഘുനാഥ്, ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പത്രിക നല്‍കി
Published on

ഒടുവില്‍ കോണ്‍ഗ്രസിന് ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. കെ.സുധാകരന്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെ ഡിസിസി സെക്രട്ടറി സി.രഘുനാഥ് സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. ധര്‍മ്മടത്ത് കരുത്തനും ശക്തനുമായ സ്ഥാനാര്‍ത്ഥി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാവിലെ അറിയിച്ചിരുന്നു.

ധര്‍മ്മടത്ത് കെ.സുധാകരനാണ് രഘുനാഥിനെ നിര്‍ദേശിച്ചിരുന്നത്. കെ.സുധാകരന്‍ എം.പിയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ ഡി.സി.സി തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതുള്ള പേര് സി.രഘുനാഥിന്റേതായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്. എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കെ.സുധാകരനുമായി അടുത്ത ബന്ധമാണുള്ളത്. ഘടകകക്ഷികളായ മുസ്ലിംലീഗും സി.എം.പിയും സി.രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ധര്‍മ്മടം മണ്ഡലത്തിലെ ചുമതല രഘുനാഥിനായിരുന്നു. 4090 വോട്ടിന്റെ ലീഡാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ധര്‍മ്മടം മണ്ഡലത്തിലുണ്ടായിരുന്നത്.

ധര്‍മ്മടത്ത് മല്‍സരിച്ചാല്‍ ഉചിതമാകില്ലെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്നില്ലെന്ന് കെ സുധാകരന്‍. കൃത്യമായ മുന്നൊരുക്കമില്ലാതെ അവസാന നിമിഷം സ്ഥാനാര്‍ത്ഥിയാകാനില്ല. കണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്നും കെ.സുധാകരന്‍. കെ സുധാകരന്‍ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും സുധാകരന്‍ മത്സരിക്കണമെന്ന നിലപാടിലായിരുന്നു. മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ടത്.

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് കെ. സുധാകരന്‍. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തനം നടത്തി ഉയര്‍ന്നുവന്നയാളാണ് രഘുനാഥെന്നും സുധാകരന്‍. മത്സരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചെന്നും സുധാകരന്‍ വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിനും സമാന നിലപാടായിരുന്നുവെന്നും കെ.സുധാകരന്‍.

Related Stories

No stories found.
logo
The Cue
www.thecue.in