'അവര്‍ മൃഗശാലയിലെ മൃഗങ്ങളല്ല', ആശുപത്രിയില്‍ വന്ന് ഫോട്ടോ എടുത്ത കേന്ദ്രമന്ത്രിയോട് മന്‍മോഹന്‍ സിംഗിന്റെ മകള്‍

'അവര്‍ മൃഗശാലയിലെ മൃഗങ്ങളല്ല', ആശുപത്രിയില്‍ വന്ന് ഫോട്ടോ എടുത്ത കേന്ദ്രമന്ത്രിയോട് മന്‍മോഹന്‍ സിംഗിന്റെ മകള്‍
Published on

ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പം ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്‌ക്കെതിരെ കുടുംബം. ആശുപത്രി മൃഗശാലയല്ലെന്നാണ് മന്‍മോഹന്‍ സിംഗിന്റെ മകള്‍ ധമാന്‍ സിംഗ് പറഞ്ഞത്.

'എന്റെ രക്ഷിതാക്കള്‍ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവര്‍ പ്രായമുള്ള മനുഷ്യരാണ്. മൃഗശാലയിലെ മൃഗങ്ങളല്ല,' എന്നാണ് ധമന്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചത് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ അകത്ത് കയറിയകുടുംബത്തെ വേദനിപ്പിച്ചെന്നും ധമാന്‍ പറഞ്ഞു.

ആശുപത്രിയില്‍ കഴിയുന്നതിനിടെ ഫോട്ടോയെടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേള്‍ക്കാതെയാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തത് എന്നും ധമാന്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ അച്ഛന്‍ ഡെങ്കി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്. നില തൃപ്തികരമാണെങ്കിലും പ്രതിരോധ ശക്തി വളരെ കുറവാണ്. ഇന്‍ഫക്ഷന്‍ റിസ്‌ക് ഉള്ളതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി വരുന്നതും കാണുന്നതും നല്ലതൊക്കെ തന്നെയാണ്. പക്ഷെ വന്ന് കണ്ട് ഫോട്ടോയെടുക്കാനൊന്നുമുള്ള നിലയിലോ മാനസികാവസ്ഥയിലോ അല്ല അവര്‍. ഫോട്ടോഗ്രാഫറോട് റൂമില്‍ നിന്നും പുറത്തുപോകാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ചു. അത് അവരെ വല്ലാതെ വേദനിപ്പിച്ചു,' ധമാന്‍ പറഞ്ഞു.

പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in