സംഘര്‍ഷമുള്ള ഇടങ്ങളില്‍ കനത്ത പൊലീസ് കാവല്‍, കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍കാന്ത്

സംഘര്‍ഷമുള്ള ഇടങ്ങളില്‍ കനത്ത പൊലീസ് കാവല്‍, കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍കാന്ത്
Published on

ആലപ്പുഴയിലെ എസ്.ഡി.പി.ഐ ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് പറഞ്ഞു. ആലപ്പുഴ ജില്ലയിലേക്ക് കൂടുതല്‍ പൊലീസ് സേനയെ അയച്ചിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് പിന്നാലെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

ആലപ്പുഴ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അക്രമസംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട ഷാനിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ആശുപത്രി പരിസരത്ത് നിരവധി എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഒത്തുകൂടിയിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് അറുപതിലധികം പൊലീസുകാരാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. എ.സി.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിക്കൊണ്ടിരുന്നത്. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ആലപ്പുഴയില്‍ 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് വാഹന പരിശോധനയും കര്‍ശനമാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

12 മണിക്കൂറിനിടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി അഞ്ചംഗ സംഘം വെട്ടുകയായിരുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in