കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി ; ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍
കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുനൂറോളം മീറ്റര്‍ ദൂരമുണ്ട് ആറിലേക്ക്. അതിനാല്‍ കുട്ടി തനിച്ച് ഇവിടെയെത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടിക്കായി നാട് ഒന്നടങ്കം തിരച്ചിലിലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകളിലൂടെയടക്കം അന്വേഷണങ്ങള്‍ നടന്നുവരികയായിരുന്നു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം കഴിഞ്ഞ രാത്രിയും അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്.
ഈ സമയം കുട്ടിയുടെ അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാലുവയസ്സുകാരനെ ഉറക്കിയ ശേഷം തുണികഴുകാന്‍ പോയപ്പോഴാണ് ദേവനന്ദയെ കാണാതായതെന്ന് അമ്മ ധന്യ വ്യക്തമാക്കിയിരുന്നു. അലക്കുന്നതിനിടെ ഏഴുവയസ്സുകാരി അടുത്തേക്ക് വന്നിരുന്നു. എന്നാല്‍ അകത്ത് പോയിരിക്കാന്‍ പറഞ്ഞപ്പോള്‍ വീട്ടിനുള്ളിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ പതിനഞ്ച് മിനിട്ടിന് ശേഷം ധന്യ തിരികെ വന്നപ്പോള്‍ ദേവനന്ദയെ കാണാനില്ലായിരുന്നു. കതക് തുറന്ന നിലയിലുമായിരുന്നു.