ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ(7)യുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളില്‍ വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്താനായില്ല. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പൊലീസിന് കൈമാറി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഇന്നലെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഏറെനേരത്തെ തെരച്ചിലിനൊടുവില്‍ മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം.