'ഇത് രാജഭരണകാലമൊന്നും അല്ല'; റിയാസിനെ യുവ സുല്‍ത്താനാക്കിയ ദേശാഭിമാനിക്ക് രൂക്ഷ വിമര്‍ശനം

'ഇത് രാജഭരണകാലമൊന്നും അല്ല'; റിയാസിനെ യുവ സുല്‍ത്താനാക്കിയ ദേശാഭിമാനിക്ക് രൂക്ഷ വിമര്‍ശനം
Published on

തിരുവനന്തപുരം: നിയുക്ത പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ സെക്രട്ടറിയുമായ മുഹമ്മദ് റിയാസിനെ ബേപ്പൂരിന്റെ യുവ സുല്‍ത്താനെന്ന് വിശേഷിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു.

ബേപ്പൂരില്‍ ഒക്കെ സുല്‍ത്താനേറ്റ് ഇപ്പോഴുമുണ്ടോ? വിദ്യാര്‍ത്ഥി സംഘടനയിലൂടെയും സമരങ്ങളിലൂടെയും മുന്നോട്ട് വന്ന മുഹമ്മദ് റിയാസിന്റെ എല്ലാ മെറിറ്റിനെയും റദ്ദ് ചെയ്യുന്ന തലക്കെട്ടായിപ്പോയി ദേശാഭിമാനിയുടേതെന്ന് സുധാമേനോന്‍ ഫേസ്ബുക്കിലെഴുതി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന റിയാസിനെ യുവ സുല്‍ത്താനെന്നൊക്കെ വിശേഷിപ്പിച്ചത് മോശമായിപോയെന്ന് എം സുചിത്ര പറഞ്ഞു. നമ്മിളിപ്പോള്‍ പഴയ രാജഭരണകാലത്തൊന്നും അല്ലല്ലോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന് മാത്രം വിശേഷണം നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മകളുടെ ഭര്‍ത്താവും മന്ത്രിസഭയില്‍ ഒരുമിച്ച് ആദ്യം എന്നായിരുന്നു മാതൃഭൂമി ഒന്നാം പേജില്‍ എഴുതിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ദേശാഭിമാനിയുടെ സുല്‍ത്താന്‍ പ്രയോഗത്തിനെതിരെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനം അറിയിച്ചത്.

ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ബുധനാഴ്ച നിശ്ചയിച്ചിരുന്നു. നിലവില്‍ ചീഫ് എഡിറ്ററായ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in