സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വകുപ്പ് മേധാവികളെ അതൃപ്തി അറിയിച്ചു.
2021 സെപ്തംബര്‍ 9ന് പുറത്തിറക്കിയ സര്‍ക്കുലര്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് എന്നായിരുന്നു വിമര്‍ശനം. സര്‍ക്കുലറിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എഴുത്തുകാരും സാംകാരിക പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.
സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സൃഷ്ടിയുടെ പകര്‍പ്പും സമര്‍പ്പിക്കണമെന്ന സര്‍ക്കുലറിലെ നിര്‍ദേശവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. അനുമതി ലഭിച്ച ശേഷം മാത്രമേ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു എന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍. അപേക്ഷകള്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യണം. അപേക്ഷയോടൊപ്പം പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഉപ ഡയറക്ടര്‍ മുഖാന്തരം മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളു. അപേക്ഷ വിശദമായി പരിശോധിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വ്യക്തമായി ശുപാര്‍ശ ചെയ്യേണ്ടാതാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
എഴുത്തുകാരുടെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളെ ഇത്തരത്തില്‍ നിയന്ത്രിക്കാനുള്ള ബ്യൂറോക്രാറ്റിക് സമീപനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ പുരോഗമന ഇടതുപക്ഷ സര്‍ക്കാര്‍ അത് തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചത്.
കലാരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ മുന്‍കൂര്‍ അനുമതി വേണം എന്ന കാലോചിതമല്ലാത്ത വ്യവസ്ഥ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ നിന്ന് എടുത്തു മാറ്റുക എന്നതാണ് ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവിലും പ്രതികരിച്ചു.