ഡല്‍ഹി സര്‍വകലാശാലയുടെ സിലബസ് മാറ്റത്തില്‍ വിവാദം. മഹാശ്വേതാ ദേവിയുടെയും രണ്ട് ദളിത് എഴുത്തുകാരുടെയും രചനകളാണ് സര്‍വകലാശാല ഇംഗ്ലീഷ് സിലബസില്‍ നിന്നും നീക്കം ചെയ്തത്. സിലബസ് മേല്‍നോട്ട സമിതിയുടേതാണ് നടപടി.
മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥയാണ് സിലബസില്‍ നിന്നൊഴിവാക്കിയത്. 1999 മുതല്‍ സിലബസിന്റെ ഭാഗമായിരുന്ന ചെറുകഥയാണ് ദ്രൗപതി. ദളിത് എഴുത്തുകാരായ ഭാമയുടെയും സുകൃതാരണിയുടെയും രചനകള്‍ സര്‍വകലാശാല ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററില്‍ നിന്ന് നീക്കിയിട്ടുണ്ട്.
മേല്‍നോട്ട സമിതിയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ പതിനഞ്ച് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. ദളിത് എഴുത്തുകാരെ മാറ്റി അവര്‍ക്ക് പകരം മേല്‍ജാതിക്കാരുടെ കൃതികളാണ് കൂട്ടിച്ചേര്‍ത്തതെന്നും, സിലബസില്‍ പരമാവതി നശീകരണമാണ് സംഭവിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ഒഴിവാക്കിയ കൃതിക്ക് പകരം മഹാശ്വേതാ ദേവിയുടെ മറ്റ് കൃതികള്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റി തയ്യാറായില്ലെന്നും വിമര്‍ശനമുയര്‍ന്നു. മേല്‍നോട്ട കമ്മിറ്റി എപ്പോഴും സ്ത്രീകള്‍ക്കും, ദളിതര്‍ക്കും, ആദിവാസി സമൂഹങ്ങള്‍ക്കും എതിരായ നടപടിയാണ് സ്വീകരിച്ചിരുന്നതെന്നും ആരോപണമുണ്ട്.