കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടെന്ന ആരോപണവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ വിവാദ പരാമര്‍ശം നടത്തിയത്.
കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്, രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിത ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തവണ ഡല്‍ഹി സര്‍വകലാശാലയില്‍ ആദ്യ കട്ട്ഓഫില്‍ തന്നെ പ്രവേശനം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിന് മുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഗൂഢപദ്ധതികളുടെ ഭാഗമാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു.
ആര്‍.എസ്.എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍. വിവാദ പരാമര്‍ശത്തിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.