മലയാളം മിണ്ടിപ്പോകരുത്, ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ്; നഴ്‌സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹി ആശുപത്രിയുടെ ഉത്തരവ്

മലയാളം മിണ്ടിപ്പോകരുത്, ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ്; നഴ്‌സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹി ആശുപത്രിയുടെ  ഉത്തരവ്
Published on

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതില്‍ വിലക്ക്. ഗോവിന്ദ് ബല്ലബ് പാണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്യുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് (ജിഐപിഎംഇആര്‍) ശനിയാഴ്ച വിവാദ ഉത്തരവ് ഇറക്കിയത്.

മലയാളത്തില്‍ സംസാരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് ഹോസ്പിറ്റല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പുതിയ ചട്ടം.

ജോലിസ്ഥലത്ത് ആശയവിനിമയത്തിനായി മലയാളം ഉപയോഗിക്കുന്നു എന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രി നടപടിയെടുത്തത്. മലയാളം രോഗികള്‍ക്കോ മറ്റ് സഹപ്രവര്‍ത്തകര്‍ക്കോ അറിയില്ലെന്നിരിക്കേ ആശയവിനിമയത്തില്‍ പ്രയാസമുണ്ടാകുന്നു എന്ന് ആരോപിച്ചായിരുന്നു പരാതി.

അതേസമയം ആശുപത്രിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. സഹപ്രവര്‍ത്തകരോടും രോഗികളോടും സംസാരിക്കുമ്പോള്‍ മലയാളി നഴ്‌സുമാര്‍ ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്നും പുതിയ ഉത്തരവ് വിവേചനപരമാണെന്നും കാണിച്ച് പ്രതിഷേധം ഉയരുന്നുണ്ട്.

ജിഐപിഎംഇആര്‍ ആശുപത്രിയില്‍ ഏകദേശം 300 മുതല്‍ 350 മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്.

തങ്ങള്‍ രോഗികളോടും അവരുടെ കൂടെ നില്‍ക്കുന്നവരേടും മലയാളികളല്ലാത്ത സഹപ്രവര്‍ത്തകരോടും ഹിന്ദിയില്‍ തന്നെയാണ് സംസാരിക്കാറുള്ളതെന്ന് ആശുപത്രിയിലെ ഒരു മലയാളി നഴ്‌സ് പറഞ്ഞു. ഹോസ്പിറ്റല്‍ നഴ്‌സസ് യൂണിയന്‍ മുഖേന പുതിയ ഉത്തരവിനെ എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in