ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവലുമായി ഡെലിഗേറ്റുകള്‍; കൂവല്‍ പുത്തരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവലുമായി ഡെലിഗേറ്റുകള്‍; കൂവല്‍ പുത്തരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
Published on

ഐഎഫ്എഫ്‌കെ സമാപനചടങ്ങില്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് നേരെ ഡെലിഗേറ്റലുകളുടെ കൂവല്‍. അധ്യക്ഷ പ്രസംഗത്തിനായി വേദിയിലെത്തിയപ്പോഴായിരുന്നു ഡെലിഗേറ്റുകളില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. റിസര്‍വേഷന്‍ ക്രമീകരണത്തിലുള്‍പ്പടെ നേരത്തെ ഡെലിഗേറ്റുകള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പടെ ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കൊടുവില്‍ മേള സമാപിക്കവെയാണ് പ്രതിനിധികളുടെ പ്രതികരണം.

അതേസമയം, കൂവലിലൊന്നും തനിക്ക് പുത്തരിയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇതിനോട് രഞ്ജിത്ത് പ്രതികരിച്ചത്. തന്റെ പഴയകാല എസ്എഫ്‌ഐ ജീവിതത്തെ കുറിച്ചുള്‍പ്പടെ മറുപടിയില്‍ പരാമര്‍ശിച്ച രഞ്ജിത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാണികളില്‍ നിന്ന് കയ്യടിയും നേടി.

രഞ്ജിത്തിന്റെ മറുപടി:

അതൊരു സ്വാഗത വചനമാണോ, കൂവലാണോ എന്നെനിക്ക് മനസിലായില്ല, തിരുവനന്തപുരത്തെ ഒരു പഴയകാല സുഹൃത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നെ വൈകുന്നേരം വിളിച്ചുപറഞ്ഞിരുന്നു. 'ചേട്ടാ ,ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്'.

'ഞാന്‍ പറഞ്ഞത് നല്ല കാര്യം എന്നാണ്. കൂവിത്തെളിയുക തന്നെ വേണം (കൂവലും കയ്യടിയും). ഈ ചടങ്ങിലേക്ക് ഞാന്‍ വന്നത് എന്റെ ഭാര്യയുമായാണ്. അവരോട് ഞാന്‍ പറഞ്ഞു, ''ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് അതിന് സാക്ഷിയാവാന്‍ വരുന്ന ഭാര്യേ.. സ്വാഗതം, നമ്മുക്ക് ഒരുമിച്ച് അത് എന്‍ജോയ് ചെയ്യാം എന്ന്. കൂവലൊന്നും പുത്തരിയല്ല, 1976ല്‍ എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നൊരു വിഷയം അല്ല (കയ്യടി). അതിനാരും ശ്രമിച്ച് പരാജയപ്പെടേണ്ട', രഞ്ജിത്ത് പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഭംഗിയാക്കിയത് ഈ സദസും യുവത്വവുമാണെന്നും, അതിനാല്‍ തന്നെ അവരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും രഞ്ജിത്ത് അതോടൊപ്പം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in