'അരാഷ്ട്രീയതയ്ക്ക് ചില അപകടങ്ങളുണ്ട്'; ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തെ പിന്തുണച്ച് ദീപ നിശാന്ത്

'അരാഷ്ട്രീയതയ്ക്ക് ചില അപകടങ്ങളുണ്ട്'; ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തെ പിന്തുണച്ച് ദീപ നിശാന്ത്
Published on

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരത്തെ പിന്തുണച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്. അരാഷ്ട്രീയതയെ താലോലിക്കുന്നതില്‍ ചില അപകടങ്ങള്‍ കൂടിയുണ്ട് എന്ന ബോധ്യത്തില്‍ തിങ്കളാഴ്ച പെട്രോള്‍വില വര്‍ദ്ധനവിനെതിരെ തെരുവില്‍ നടത്തിയ സമരത്തെ പിന്തുണക്കുന്നു എന്ന് ദീപ നിശാന്ത് പറഞ്ഞു. പെട്രോള്‍ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി 'പ്രിവിലേജ്ഡ്' ആയ നമ്മളില്‍ പലരും അജ്ഞരാണ് എന്നും ദീപ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

ദീപ നിശാന്ത് പറഞ്ഞത്

പെട്രോള്‍ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി 'പ്രിവിലേജ്ഡ്' ആയ നമ്മളില്‍ പലരും അജ്ഞരാണ്.സ്വന്തം കാല്‍ച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണ്...

മക്കളെ രണ്ടു പേരെയും സ്‌കൂളില്‍ കൊണ്ടുപോയിരുന്ന ഓട്ടോക്കാരന്‍ ഇനി ഓട്ടോ എടുക്കുന്നില്ലത്രേ... അയാള്‍ക്കീ പെട്രോള്‍വില താങ്ങാന്‍ പറ്റുന്നില്ല.. 'ആയിരം രൂപയ്ക്ക് ഓടിയാല്‍ 600 രൂപയ്ക്ക് പെട്രോളടിക്കേണ്ട അവസ്ഥയാ ടീച്ചറേ.. വേറെ വല്ല പണിക്കും പോവാണ് നല്ലത് ..ഇത് നിര്‍ത്തി' എന്ന് പറഞ്ഞത് അതിശയോക്തിയാണോ എന്നെനിക്കറിയില്ല.. എന്തായാലും പത്തു മുപ്പത് വര്‍ഷമായി ചെയ്തിരുന്ന തൊഴിലാണ് അയാള്‍ ഇക്കാരണം കൊണ്ട് ഉപേക്ഷിക്കുന്നത്.

വാര്‍ദ്ധക്യത്തോടടുക്കുന്ന ഈ സമയത്ത് മറ്റു തൊഴിലന്വേഷിക്കേണ്ടി വരുന്ന ഗതികേടിലെത്തി നില്‍ക്കുന്നത്.. അയാള്‍ മാത്രമല്ല മറ്റു പലരും ആ അവസ്ഥയിലെത്തിയിട്ടുണ്ട് എന്നത് ഒരു സാമൂഹികയാഥാര്‍ത്ഥ്യം തന്നെയാണ്.നമ്മളില്‍ പലരും പ്രിവിലേജുകളിലൂടെ കടന്നു വന്ന് , ഒരു സമരത്തിലും പങ്കെടുക്കാതെ, മേലുനോവുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി, വ്യക്തിപരമായ സംഘര്‍ഷത്തിനപ്പുറം ഒരു സാമൂഹിക സംഘര്‍ഷത്തിലും ഭാഗഭാക്കാകാതെ നിഷ്പക്ഷമതികളായ അധ്യാപകരുടെ കണ്ണിലുണ്ണികളായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കടന്നു പോന്നപ്പോഴും തെരുവിലിറങ്ങി നമുക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യരുണ്ടായിരുന്നു... നമുക്കു പോകേണ്ട ബസ്സില്‍ നമ്മളെ കയറ്റാതിരുന്നാല്‍, ബസ്സ് കൂലി വര്‍ദ്ധിപ്പിച്ചാല്‍ ഫീസ് വര്‍ദ്ധിപ്പിച്ചാല്‍, അവകാശങ്ങള്‍ നിഷേധിച്ചാല്‍ നമുക്കു വേണ്ടി അവര്‍ ഓടി വരുമായിരുന്നു. ശബ്ദമുയര്‍ത്തുമായിരുന്നു.

മുന്നോട്ടു നടന്നതും,ജയിച്ചു മുന്നേറിയതും, തോല്‍ക്കാനും ഇടയ്ക്ക് വീണുപോകാനും അടിയേല്‍ക്കാനും സമരം ചെയ്യാനും കുറേപ്പേരുണ്ടായതു കൊണ്ടു തന്നെയാണെന്ന തിരിച്ചറിവ് ഇന്നുണ്ട്.. തെരുവില്‍ സമരം ചെയ്തവരുടെ ചെറുത്തുനില്‍പ്പുതന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം.. അരാഷ്ട്രീയതയെ താലോലിക്കുന്നതില്‍ ചില അപകടങ്ങള്‍ കൂടിയുണ്ട് എന്ന ബോധ്യത്തില്‍ ഇന്നലെ പെട്രോള്‍വിലവര്‍ദ്ധനവിനെതിരെ തെരുവില്‍ നടത്തിയ സമരത്തെ പിന്തുണക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in