വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പ്രധാനം, സ്‌കൂളുകള്‍ അടക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പ്രധാനം, സ്‌കൂളുകള്‍ അടക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി ശിവന്‍കുട്ടി
Published on

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിഷയം ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് അവലോകന യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ടത് തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പരീക്ഷ നടത്തിപ്പും, സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച്ചയാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലേകന യോഗം ചേരുന്നത്. തിങ്കളാഴ്ചയാണ് അവസാനമായി കൊവിഡ് അവലോകന യോഗം ചേര്‍ന്നത്. യോഗത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിരുന്നാലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in