ദളിത് വിഭാഗത്തിലെ ആദ്യ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനല്ല, വെള്ള ഈച്ചരനും കെ.കെ ബാലകൃഷ്ണനും, ദാമോദരന്‍ കാളാശ്ശേരിയും മുന്‍ഗാമികള്‍

ദളിത് വിഭാഗത്തിലെ
ആദ്യ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനല്ല, വെള്ള ഈച്ചരനും കെ.കെ ബാലകൃഷ്ണനും, ദാമോദരന്‍ കാളാശ്ശേരിയും മുന്‍ഗാമികള്‍
Published on

കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം വകുപ്പ് മന്ത്രിയാണ് കെ രാധാകൃഷ്ണന്‍ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കെ രാധാകൃഷ്ണന്‍ അല്ല. കോണ്‍ഗ്രസ് നേതാവായിരുന്ന വെള്ള ഈച്ചരനാണ്. 1970ല്‍ സംവരണ മണ്ഡലമായ തൃത്താലയില്‍നിന്ന് നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍ (197077), സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നാക്കക്ഷേമ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 1980 ഫെബ്രുവരി 11-ന് അന്തരിച്ചു.

പിന്നീട് കെ.കെ ബാലകൃഷ്ണനും ഈ വകുപ്പ് കൈകാര്യം ചെയ്തു.1977-78ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ കെ.കെ ബാലകൃഷ്ണന്‍ ദേവസ്വത്തിന്റെ ചുമതല കൂടി വഹിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കെ.രാധാകൃഷ്ണന്‍ തന്നെയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം മന്ത്രിയെന്ന വാദം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മകന്‍ തന്നെ മുന്നോട്ട് വന്നിരുന്നു.

കെ.കെ ബാലകൃഷ്ണനു ശേഷം ദാമോദരന്‍ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

1978-ല്‍ പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പട്ടികജാതി, ദേവസ്വം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദാമോദരന്‍ കാളാശ്ശേരി.പന്തളം മാവേലിക്കര എന്നീ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിന് പിഎസ്സി അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തതും കാളാശ്ശേരി മന്ത്രിയായിരിക്കുമ്പോഴാണ്.

പട്ടികജാതി വര്‍ഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേന്ദ്രത്തിനുകീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗം, കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബ്ദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു. 2019 ജൂലൈ 13ന് 88-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in