എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദളിത് ഗവേഷക ദീപ പി. മോഹനന് എട്ടു ദിവസമായി നിരാഹാര സമരത്തിലാണ്. എം.ജി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡിപാര്‍ട്ട്മെന്റ് ഡയറക്ടറും സിന്‍ഡിക്കേറ്റ് മെമ്പറുമായ നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കണമെന്നും തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു തരണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ദീപ സമരമിരിക്കുന്നത്.
എം.ജി സര്‍വകലാശാലയില്‍ നിന്ന് ജാതി വിവേചനം നേരിട്ട ദീപ, നന്ദ കുമാര്‍ കളരിക്കലിനെ പുറത്താക്കാതെ നിരഹാര സമരം അവസാനിപ്പിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ദീപയുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ദീപ. മന്ത്രിയുടെ വാക്കാലുള്ള ഉറപ്പ് മാത്രമല്ല തനിക്ക് വേണ്ടതെന്നും അധ്യാപകനെ പുറത്താക്കുകയാണ് വേണ്ടതെന്നും ദീപ ദ ക്യുവിനോട് പറഞ്ഞു.
'എനിക്ക് മന്ത്രിയുടെ ഉറപ്പ് മാത്രം പോര. അധ്യാപകനെ പുറത്താക്കിയെന്ന ഉത്തരവാണ് വേണ്ടത്. വാക്കാലുള്ള ഉറപ്പ് പോര. ഇങ്ങനെ ഒരു ഉറപ്പുകൊണ്ട് സമരം അവസാനിപ്പിക്കാനാവില്ല. മുമ്പ് കിട്ടിയ ഇത്തരം ഉറപ്പുകളൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ പുറത്താക്കുക തന്നെ വേണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അതുവരെ സമരം തുടരാന്‍ തന്നെയാണ് കരുതുന്നത്,' ദീപ പറഞ്ഞു.
ദീപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദകുമാര്‍ കളരിക്കല്‍ എന്ന അധ്യാപകനെ പുറത്താക്കുകയാണ് വേണ്ടതെന്നും നിരാഹാര സമരത്തില്‍ നിന്നും ദീപ പിന്മാറണമെന്നുമാണ് മന്ത്രി ആര്. ബിന്ദു ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയ ഉടനെ നീതി ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ദീപയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ദീപയുടെ വിഷയത്തില്‍ ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും നേരത്തെ ഇടപെട്ടിരുന്നു. ദീപയ്ക്ക് സര്‍വകലാശാലയില്‍ നിന്ന് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ ദീപയുടെ പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും വ്യക്തമാക്കിയിരുന്നു.
നന്ദകുമാര്‍ കളരിക്കലിനൊപ്പം ഇന്നത്തെ വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.
വിസി സാബു തോമസ്, നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്ന ജാതി വിവേചനത്തെ പിന്തുണയ്ക്കുകയും തനിക്കെതിരായ ജാതി വിവേചനം തുടരുകയുമാണെന്നും ദീപ മുമ്പ് ദ ക്യുവിനോട് പറഞ്ഞിരുന്നു.
2015ല്‍ ഗൈഡുമാര്‍ ഇടപെട്ട് തീസിസ് വര്‍ക്കുകള്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെങ്കിലും സെന്ററില്‍ അക്കാലത്തുണ്ടായിരുന്ന പ്രവീണ്‍ ഗോവിന്ദ് എന്ന സംഘപരിവാറുകാരനെ വിട്ട് തന്നെ ലാബില്‍ നിന്നും ഇറക്കിവിട്ടെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഇതില്‍ നന്ദകുമാറും വി.സി സാബു തോമസും കുറ്റക്കാരാണെന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. നന്ദകുമാറിനെ തുടര്‍ന്നുള്ള നടപടിയെന്ന നിലയില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നന്ദകുമാര്‍ കളരിക്കലിനെതിരെ എസ്.സി/ എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതൊന്നും നടപ്പാവാത്ത സാഹചര്യത്തിലാണ് ദീപ നിരാഹാര സമരിക്കാന്‍ തീരുമാനിച്ചത്.
ആര്. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന് നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാര്‍ത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വ്വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നല്‍കാമെന്നും താന്‍തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍
സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.
ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയില്‍. ഇവകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.
വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ഇതൊരുറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു.
കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തത്.