കുടിവെള്ളം മൗലികാവകാശം, ജനങ്ങൾ ഇനിയും ഇങ്ങനെ നരകിക്കാൻ പാടില്ല; ബോംബെ ഹൈക്കോടതി

കുടിവെള്ളം മൗലികാവകാശം, ജനങ്ങൾ ഇനിയും ഇങ്ങനെ നരകിക്കാൻ പാടില്ല; ബോംബെ ഹൈക്കോടതി
Published on

എല്ലാ ദിവസവും കുടിവെള്ളം ലഭിക്കേണ്ടത് ജനങ്ങളുടെ മൗലികാവകാശമെന്ന് നിരീക്ഷിച്ച് ബോംബെ ഹൈകോടതി. ഇടവിട്ടുള്ള ദിവസങ്ങളിൽനിന്ന് വിട്ട് എല്ലാ ദിവസവും കുടിവെള്ളവിതരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താനെ ജില്ലയിലുള്ള കാമ്പെ ഗ്രാമത്തിലുള്ള ജനങ്ങൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ബോംബേ ഹൈകോടതി.

'എല്ലാ ദിവസവും കുറച്ചുനേരമെങ്കിലും കുടിവെള്ള വിതരണം ഉണ്ടായിരിക്കണം. കുടിവെള്ളം എല്ലാ ജനങ്ങളുടെയും മൗലികാവകാശമാണ്. ജനങ്ങളെ ഇനിയും ഇങ്ങനെ നരകിക്കാൻ വിടാനാകില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും കുടിവെള്ളത്തിനായി കോടതിയുടെ വാതിലുകൾ മുട്ടേണ്ടിവരുന്നത് വളരെ പരിതാപകരമാണ്', കോടതി നിരീക്ഷിച്ചു.

കാമ്പെ ഗ്രാമത്തിൽ മാസത്തിൽ രണ്ട് ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമേ കമ്പനി കുടിവെള്ളം ലഭ്യമാക്കുന്നുള്ളു. താനെ ജില്ലാ പരിഷദിന്റെയും ഭിവാൻഡി നിസാംപൂർ മുനിസിപ്പൽ കോർപറേഷന്റെയും സംയുക്ത സംരംഭമായ 'സ്റ്റെം' എന്ന കമ്പനിക്കാണ് കാമ്പെയിലെയും സമീപഗ്രാമങ്ങളിലെയും കുടിവെള്ളവിതരണചുമതല. എന്നാൽ ജനസംഖ്യാവർദ്ധനവും ഗ്രാമാതിർത്തികൾ തമ്മിലുള്ള ആശയക്കുഴപ്പങ്ങളുടേയുമെല്ലാം പേര് പറഞ്ഞ് കുടിവെള്ളവിതരണം പലപ്പോഴായി മാത്രമേ കമ്പനി നടത്തിയിരുന്നുള്ളു.

ജസ്റ്റിസ് എസ്.ജെ കതാവാല, ജസ്റ്റിസ് മിലിന്ദ് ജാദവ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ കുടിവെള്ളവിതരണ കമ്പനിക്കെതിരെ വിമർശനമുന്നയിച്ച ഹൈക്കോടതി മഹാരാഷ്ട്ര ഗവണ്മെന്റ് ഇക്കാര്യത്തിൽ നിസ്സഹായരാണെന്ന വാദം അംഗീകരിക്കില്ലെന്നും വേണ്ടിവന്നാൽ ഗവണ്മെന്റ് ഉന്നത ഉദ്യോഗസ്ഥനെ വിളിക്കാൻ മടിക്കില്ല എന്നും കൂട്ടിച്ചേർത്തു.

അസന്തുലിതമായ കുടിവെള്ളവിതരണമാണ് മഹാരാഷ്ട്രയിൽ എങ്ങുമുള്ളത്. നഗരങ്ങളിൽ നിശ്ചിത ഇടവേളകളിൽ കുടിവെള്ളം ലഭ്യമാകുമ്പോൾ ഗ്രാമങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങളാണ് കുടിവെള്ളവിതരണവുമായി നിലവിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in