വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപ്പറയുന്നു.
മനോരമാ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ ലൈംഗിക അധിക്ഷേപത്തിലും, സൈബര്‍ ബുള്ളിയിംഗിലും ദേശാഭിമാനി ദിനപത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനോട് വിശദീകരണം ചോദിച്ചതായി എഡിറ്റര്‍ പി.രാജീവ്. ഇത്തരം ആക്രമണ രീതികളെ തള്ളിപ്പറയുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.രാജീവ്.
നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നടത്തിയ വിനീത് വി.യു ദേശാഭിമാനി പത്രത്തിലെ സര്‍ക്കുലേഷന്‍ താല്‍ക്കാലിക ജീവനക്കാരനാണെന്നും പി.രാജീവ്. നിഷാ പുരുഷോത്തമനെതിരെ നടന്ന സൈബര്‍ ബുള്ളിയിംഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും നടപടി വേണമെന്നും ആവശ്യപ്പെട്ടു.
പി രാജീവിന്റെ പ്രസ്താവന
ദേശാഭിമാനിയില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജില്‍ നിന്നല്ലെങ്കില്‍ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവര്‍ ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമര്‍ശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോര്‍ഫിങ്ങുകളും നിര്‍മ്മിത കഥകളും വഴി പാര്‍ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികള്‍ നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപ്പറയുന്നു.
നിഷ പുരുഷോത്തമന്‍ ദ ക്യുവിനോട്
ദേശാഭിമാനിയുടെ ഒരു ജീവനക്കാരന്‍ അയാളുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് എന്നെ വ്യക്തിപരമായും, സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകണം എന്നാണ് ആവശ്യപ്പെടാനുള്ളത്. ജോലി ചെയ്യുന്നതിന്റെ പേരിലാണ് എന്നെ അധിക്ഷേപിക്കുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ ജീവനക്കാരനായിരുന്ന് ഒരു വ്യക്തി അങ്ങനെ എഴുതുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയും നേതാക്കളും അറിയാതെയാവില്ല. എനിക്ക് നേരെയുള്ള സൈബര്‍ ആക്രമണം ഇതാദ്യമല്ല. സിപിഎമ്മിന്റെ സൈബര്‍ ടീം എനിക്കെതിരെ കുറേനാളായി അധിക്ഷേപങ്ങള്‍ നടത്തിവരികയാണ്. ഇതിനോടകം ഡിജിപിക്കടക്കം പരാതികള്‍ നല്‍കി. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിയിലും സ്ഥാപനത്തിലുമുള്ളവരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും പെരുമാറ്റച്ചട്ടവും സോഷ്യല്‍ മീഡിയ പോളിസിയുമുണ്ടാകും. ഞാനും ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമാണല്ലോ. എഡിറ്റോറിയലിലോ മറ്റേതെങ്കിലുമോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്ന ആരും ഇത്തരത്തില്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പോസ്റ്റിടാന്‍ ധൈര്യപ്പെടില്ല. അഥവാ ഇട്ടാല്‍ തന്നെ നടപടിയുണ്ടാകം. സ്വന്തം ജീവിതം ബലികഴിച്ചുകൊണ്ടൊന്നും ആരും ഇതിന് ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതാനാകില്ല. തനിക്ക് ഒന്നും സംഭവിക്കില്ല സംരക്ഷിക്കപ്പെടും എന്നെല്ലാം ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നത്. ആ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ ജനം വിലയിരുത്തട്ടെ. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുന്നവരാണ്. അവര്‍ ഇത് ശരിയായ രീതിയില്‍ തന്നെ വിലയിരുത്തുമെന്ന് ഉറപ്പുണ്ട്.