സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്
Published on

ഡിപ്ലൊമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായുളള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. തിരുവനന്തപുരത്തെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. സ്വപ്‌നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. സന്ദീപിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ സ്വപ്‌ന സുരേഷ് ആണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നേരിട്ടെത്തി ക്ഷണിച്ചത്. സ്വപ്‌ന സന്ദീപിന്റെ സുഹൃത്താണെന്ന് അമ്മയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സന്ദീപിന്റെ ഭാര്യയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതായിരുന്നു.

സന്ദീപ് കടുത്ത ബിജെപി അനുഭാവിയാണെന്ന് 2015 ന് ശേഷമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. കേസില്‍ സന്ദീപ് ഒന്നാം പ്രതിയും സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയാകുമെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. അതേസമയം 2018,2019 വര്‍ഷങ്ങളിലെ ചില സര്‍ക്കാര്‍ പരിപാടികള്‍ കസ്റ്റംസ് പരിശോധിക്കും. സ്വര്‍ണ്ണക്കടത്തിന് സര്‍ക്കാര്‍ പരിപാടികള്‍ മറയാക്കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം എന്‍ഐഎയാണ് കേസ് അന്വേഷിക്കുന്നത്. ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധമുള്ളതാണ് കേസ് എന്ന് കേന്ദ്രം വിശദീകരിച്ചിരുന്നു. കടത്തുന്ന സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും ഇതടക്കം അന്വേഷണ പരിധിയില്‍ വരുമെന്നും എന്‍ഐഎ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in