കണ്ണൂരിലെ പയ്യന്നൂരില്‍ വ്യാപാരിക്കെതിരെ എസ്.ഐയുടെ മകള്‍ നല്‍കിയ പോക്‌സോ പരാതി വ്യാജമെന്ന് കണ്ടെത്തി. വ്യാപാരിയായ ഷമീം എന്നയാള്‍ക്കെതിരെയായിരുന്നു എസ്.ഐ, 16കാരിയായ മകളെക്കൊണ്ട് പോക്‌സോ പരാതി കൊടുപ്പിച്ചത്.
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് എസ്.ഐ മകളെ ഉപയോഗിച്ച് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 19നാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂര്‍ പെരുമ്പയിലെ ബേക്കറിയില്‍ കേക്ക് വാങ്ങാനായി എത്തിയ എസ്.ഐ തന്റെ കാറ് അടുത്തുള്ള ടയര്‍ സര്‍വ്വീസ് കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടു. സര്‍വീസിനായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാന്‍ മാനേജര്‍ ഷമീം ആവശ്യപ്പെടുകയായിരുന്നു.
പിറ്റേന്ന് വൈകുന്നേരം പൊലീസ് യൂണിഫോമില്‍ ജീപ്പുമായി എസ്.ഐ കടയിലെത്തുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് വിരട്ടുകയും ചെയ്തു. എസ്.ഐക്കെതിരെ ഷമീം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാല്‍ എസ്.ഐയെ സ്ഥലം മാറ്റി. ഇതിന് പിന്നാലെയാണ് മകളെക്കൊണ്ട് പോക്‌സോ പീഡന പരാതി നല്‍കിയത്.
എസ്.ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചു എന്നായിരുന്നു ആരോപണം. ഇത് വ്യാജപരാതിയാണെന്ന് ഷമീം എസ്.പിയെ കണ്ട് പറഞ്ഞതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാര്‍ ആണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പരിശോധിച്ച ക്രൈംബ്രാഞ്ച് രണ്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഷമീമിനെതിരെയുള്ള പരാതി വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കി.