മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെ വിമര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഭയപ്പെടുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സാമ്പത്തിക സംവരണവും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ നല്ലൊരു വിഭാഗത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഇടതുപക്ഷക്കാരനായ ഒരാളുടെ പോസ്റ്റ്, ഒരു സംവരണാനുകൂല്യവും ഇല്ലാതിരുന്ന ഒരു സമുദായത്തിലാണ് ഞാന്‍ പിറന്നത്. സമ്പന്നരല്ലെങ്കിലും പേരിന് ജന്മിമാരായിരുന്ന ഒരു കുടുംബത്തിലായിരുന്നു അത്. കുടിയാനില്‍ നിന്ന് കാഴ്ചക്കുലയൊക്കെ കിട്ടിയിരുന്ന ഒരു കാലം അവ്യക്തമായ ഓര്‍മയുണ്ട് എനിക്ക്. എക്കാലത്തും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു എന്റെ കുടുംബം. അടിയന്തിരാവസ്ഥയോടുള്ള എതിര്‍പ്പാണ് 1975 ല്‍ പതിനഞ്ചു വയസ്സുണ്ടായിരുന്ന എന്നെ എസ്.എഫ്.ഐയിലും ദേശാഭിമാനി സ്റ്റഡീസര്‍ക്കിളിലും എത്തിച്ചത്.
അവസരസമത്വത്തിന് എതിരല്ലേ ജാതി സംവരണം എന്ന എന്റെ സംശയം അന്നത്തെ പല സഖാക്കളോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിലെ ചരിത്ര നീതിയും അത് ഒരു ക്ഷേമപദ്ധതി അല്ലെന്നതും അന്ന് അവര്‍ പറഞ്ഞു തന്നത് എനിക്ക് ബോധ്യപ്പെട്ടു.
ഇന്ന് രണ്ടു മുഖ്യ ധാരാ കമ്യൂണിസ്റ്റു പാര്‍ടികള്‍ നയിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ അന്നുണ്ടായ ബോധ്യം ഇന്നും എന്നില്‍ നില നില്‍ക്കുന്നുണ്ട്.
ശ്രീനാഥന്‍ എസ് പി
എനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാര്‍ടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉള്‍ക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്. എന്റെ എഫ് ബി സുഹൃത്തുക്കളില്‍ നല്ലൊരു ഭാഗം ഇടതുപക്ഷക്കാരാണ്. അവരില്‍ ആരും തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എഴുതിക്കണ്ടില്ല. പക്ഷേ , അവര്‍ മൗനം ദീക്ഷിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാന്‍ ഭയപ്പെടുന്നു . എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എന്റെ സുഹൃത്തുക്കള്‍ അത് ബോധ്യപ്പെടുത്തും എന്ന് കരുതുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം