ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
Published on

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ പിതാവ് പി.എസ്.ജയചന്ദ്രനെതിരെ സി.പി.എം നടപടി. ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രന്‍. ഏരിയാ കമ്മിറ്റിയും വിഷയത്തില്‍ അന്വേഷണം നടത്തും.

സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ജയചന്ദ്രനും പങ്കെടുത്തിരുന്നു.

ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം. വൈകിട്ട് മൂന്നു മണിക്ക് പേരൂര്‍ക്കട ഏരിയ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തില്‍ ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിക്കുകയും വിഷയത്തില്‍ തുടര്‍നടപടികള്‍ വേണോ എന്ന കാര്യം പരിശോധിക്കുകയും ചെയ്യും.

പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു. അനുപമയുടെ പരാതിയില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in