ബിനീഷ് കോടിയേരി ഗുണ്ടയാണെന്നും പണം സമ്പാദിക്കാന്‍ വളഞ്ഞവഴികള്‍ സ്വീകരിക്കുന്ന വ്യക്തിയാണെന്നും ആരോപിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്. മീഡിയ വണ്‍ ചാനലിനോടായിരുന്നു പ്രതികരണം. ബിനീഷ് കോടിയേരിയെ കുട്ടിക്കാലം മുതല്‍ അറിയാം. താന്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് ബിനീഷ് അവിടെ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. അന്ന് മര്യാദക്കാരനായിരുന്നു. അവനെ നല്ല ഇഷ്ടവുമായിരുന്നു. പിന്നീട് ബിനീഷ് ക്രിക്കറ്റ് കളിക്കാരനായി. അതുകഴിഞ്ഞ് ഗുണ്ടയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി, തെമ്മാടിയായി നടന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അറസ്റ്റെന്ന് പത്രത്തില്‍ വായിച്ചു. എന്നാല്‍ ബിനീഷ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കോടിയേരി ബാലകൃഷ്ണനെ കുറ്റംപറയാനാകില്ല. അതിന്റെ ഉത്തരവാദി കോടിയേരിയല്ല. കോടിയേരി പറഞ്ഞിട്ടോ സമ്മതിച്ചിട്ടോ അറിഞ്ഞിട്ടോ നടന്നതല്ല ഇതൊന്നും. അവന്റെ ഇഷ്ടപ്രകാരം ചെയ്തതാണ്. പണം സമ്പാദിക്കാന്‍ വളഞ്ഞവഴിയും നിയമവിരുദ്ധ നടപടികളും സ്വീകരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തിരിമാറിയൊക്കെ നടത്തിയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. അതേക്കുറിച്ച് കൂടുതല്‍ അറിയില്ല. മക്കളെ ഒരു പ്രായം കഴിഞ്ഞാല്‍ നിയന്ത്രിക്കാനാകില്ലെന്നും എം എം ലോറന്‍സ് പറയുന്നു.
മകന്‍ എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നതില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. അവന്‍ കൊച്ചുകുട്ടിയല്ല, 60 വയസ്സിനടുത്തുണ്ട്. തോന്നിയത് പറയാന്‍ മടിയില്ലാത്ത ആളാണ്. ഞാന്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളല്ല, എന്നോട് ചോദിച്ച് പ്രവര്‍ത്തിക്കുന്ന ആളുമല്ല, ബിജെപിയില്‍ പോയത് അങ്ങേയറ്റം തെറ്റും മോശവുമാണ്. ബിജെപിയെന്നാല്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമുണ്ടാക്കുന്ന വര്‍ഗീയ കക്ഷിയാണ്. അതിന്റെ നട്ടെല്ല് ആര്‍എസ്എസ് ആണ്. ഹിറ്റ്‌ലറെ മാതൃകയാക്കിയ സംഘടനയാണതെന്നും ലോറന്‍സ് പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പാര്‍ട്ടിക്ക് അപചയം സംഭവിച്ചിട്ടില്ല. അതേസമയം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്ഥാനം ദുരുപയോഗം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒരു സര്‍ക്കാരും ചെയ്യാത്ത നിരവധി കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. ഭരണം നല്ല രീതിയിലാണ് പോകുന്നത്. അതേസമയം ചെറിയവനായാലും ഏത് രാഷ്ട്രീയക്കാരനായാലും തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ പരിശോധിക്കാന്‍ തയ്യാറാകണം. തെറ്റുപറ്റിയാല്‍ അത് തുറന്നുപറയണം. ഇഎംഎസ് സ്വീകരിച്ച നിലപാട് അതായിരുന്നു. അത് അദ്ദേഹത്തിന്റെ മഹത്വമായിരുന്നു. ഇന്നത്തെ നേതാക്കള്‍ക്ക് ആ സ്വഭാവം ഇല്ല. പൊതുവിമര്‍ശനങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അംഗീകരിക്കുകയും തിരുത്തുകയും ചെയ്താല്‍ പാര്‍ട്ടിയുടെ അംഗീകാരം വര്‍ധിക്കുകയാണ് ചെയ്യുകയെന്നും എം എം ലോറന്‍സ് മീഡിയ വണ്ണിനോട് പറഞ്ഞു.
Senior Cpm Leader MM Lawrence Lashes out Against Bineesh Kodiyeri