ഡല്‍ഹി കലാപക്കേസ് ഗൂഡാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന കുറ്റപത്രത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കുറ്റപത്രത്തിനെ ചെറുക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദില്ലി പൊലീസിനെ ഉപയോഗിച്ച് പൗരന്‍മാരെ അടിച്ചമര്‍ത്തുകയാണ്. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇതിനെയും ചെറുക്കും. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനാവില്ല. പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.
ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയനുസരിച്ചാണ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സീതാറാം യെച്ചൂരിയെ പോലെയുള്ള നേതാക്കളുടെ പേരുള്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശപരമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഒമ്പത് പ്രമുഖ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രൊഫസര്‍ അപൂര്‍വാനന്ദ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കലാപത്തിന് ഇവര്‍ പ്രേരണ നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.