ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പാലത്തായി കേസിലൂടെ വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കാന്‍ ജമായത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും ആസൂത്രിതമായ നീക്കം നടത്തുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പ്രതിക്ക് ശിക്ഷ കിട്ടണമെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. പദ്മരാജന്‍ പീഡിപ്പിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. പദ്മരാജന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടിയുടെ മൊഴിയിലെ വൈദുധ്യം മാറ്റേണ്ടത് പൊലീസും പ്രോസിക്യൂഷനുമാണെന്നും പി ജയരാജന്‍ ദ ക്യുവിനോട് പറഞ്ഞു.
പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാട്. പൊലീസ് ഫലപ്രദമായി കേസ് അന്വേഷിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പോക്‌സോ നിയമപ്രകാരമുള്ള കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ബിജെപിക്കാരാനായ പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ പൊലീസിനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നുണ പ്രചരണം നടത്തുകയാണ്. കേരളത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടിയെ പീഡിപ്പിട്ട ലീഗ് പ്രവര്‍ത്തകരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അധ്യാപകനായ ബിജെപിക്കാരനാണ് പീഡനം നടത്തിയത്. പീഡനത്തിന് ഇരയായിരിക്കുന്നത് മുസ്ലിം സമുദായത്തിലുള്ള പെണ്‍കുട്ടിയാണ്. സാമുദായിക വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ജമായത്ത് ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും മുസ്ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ അവരുടെ കുടുംബഗ്രൂപ്പുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നു. കേസ് പൊലീസ് കൃത്യമായി അന്വേഷിച്ച നടപടികള്‍ എടുത്തിട്ടുണ്ട്. 90 ദിവസം ബിജെപി പ്രവര്‍ത്തകനായ പ്രതി ജയിലില്‍ കിടന്നു. പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണിത്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പോലീസിന്റെയും കേസ് ഡയറി പരിശോധിച്ചിരുന്നു. എന്നിട്ടാണ് ജാമ്യാപേക്ഷ തള്ളിയത്. ഭാഗികമായ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ആ ജാമ്യം റദ്ദാക്കുന്നതിനായി പ്രോസിക്യൂഷനും പൊലീസും ഹൈക്കോടതിയെ സമീപിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നതിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നടന്‍ ദിലീപ് പ്രതിയായ കേസ് വന്നപ്പോള്‍ സ്വാധീനിച്ച് കുറ്റവിമുക്തനാക്കുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രചാരണം. അന്വേഷിച്ച് ദിലീപിനെതിരെ കൃത്യമായ നിലപാടെടുത്തു. ബിഷപ്പ് ഫ്രാങ്കോ കേസിലും കേരള പൊലീസ് അന്വേഷിച്ചാണ് നടപടിയെടുത്തത്. ഇപ്പോള്‍ കോടതിയും ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ചു. കൊട്ടിയൂരില്‍ പീഡനക്കേസില്‍ പ്രതിയായ വൈദികനും ജയിലിലാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പമാണ് സര്‍ക്കാരും പൊലീസും നിന്നിട്ടുള്ളത്. അതിനെ വക്രീകരിച്ച് ചിത്രീകരിക്കാനാണ് മുസ്ലിംലീഗ് ഉള്‍പ്പെടെ ശ്രമിക്കുന്നത്. ഇത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. സാമുദായിക വികാരം കുത്തിയിളക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.
ആര്‍എസ്എസും ബിജെപിയും പദ്മരാജന്‍ നിരപരാധിയാണെന്ന പ്രചാരണം നടത്തുന്നുണ്ട്. നിരപരാധിയല്ല. കൃത്യമായ, ശാസ്ത്രീയമായ തെളിവുകളുണ്ട്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും പ്രതിശിക്ഷിക്കപ്പെടണമെന്നും നിര്‍ബന്ധബുദ്ധിയോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. പഴുതുകളടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെങ്കിലും ബിജെപി പറയുന്നത് പോലെ നിരപരാധിയാകുന്നില്ല. കോടതിയില്‍ രണ്ട് തവണ നല്‍കിയ മൊഴിയിലും പീഡിപ്പിക്കപ്പെട്ടതായി കുട്ടി പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിക്കേണ്ടത് പൊലീസും പ്രോസിക്യൂഷനുമാണെന്നും പി ജയരാജന്‍ വ്യക്തമാക്കി.