'സീതാദേവിയെ ശ്രീരാമന്‍ ഉപേക്ഷിച്ചത് ലോകാപവാദം ഭയന്ന്' ; എം ശിവശങ്കറിനെ നീക്കിയതില്‍ എന്‍.എന്‍ കൃഷ്ണദാസ്

'സീതാദേവിയെ ശ്രീരാമന്‍ ഉപേക്ഷിച്ചത് ലോകാപവാദം ഭയന്ന്' ; എം ശിവശങ്കറിനെ നീക്കിയതില്‍ എന്‍.എന്‍ കൃഷ്ണദാസ്
Published on

എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ പദവികളില്‍ നിന്ന് നീക്കിയതിനെ രാമായണകഥയില്‍ ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതിനോട് താരതമ്യം ചെയ്ത് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. മനോരമ ന്യൂസില്‍ നിഷ ജെബി നയിച്ച കഴിഞ്ഞ ദിവസത്തെ കൗണ്ടര്‍ പോയിന്റിലായിരുന്നു പരാമര്‍ശം. സ്വഭാവശുദ്ധിയില്‍ സംശയമില്ലാതിരുന്നിട്ടും ലോകാപവാദം ഭയന്നാണ് ശ്രീരാമന്‍ സീതാദേവിയെ ഉപേക്ഷിച്ചതെന്നും സമാന നടപടിയാണ് സ്വര്‍ണ്ണക്കടത്ത് കേസിനെ തുടര്‍ന്ന് ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നുമായിരുന്നു കൃഷ്ണദാസിന്റെ വാദം. ആ ലോകാപവാദമാണ് പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിന് നേര്‍ക്ക് സംശയത്തിന്റെ ഒരു കരിനിഴലും വീഴാന്‍ ആ പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി അനുവദിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞുവെച്ചു. സ്വര്‍ണ്ണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ നീക്കിയതെന്ന് ചര്‍ച്ചയില്‍ ചോദ്യങ്ങളുയര്‍ന്നപ്പോഴായിരുന്നു കൃഷ്ണദാസിന്റെ മറുപടി.

എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞത്

എന്തിനായിരുന്നു ശ്രീരാമന്‍ സീതാദേവിയെ ഉപേക്ഷിച്ചത്. സീതാദേവിയുടെ സ്വഭാവശുദ്ധിയില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടായിരുന്നോ. എന്നിട്ടും സീതാദേവിയെ ശ്രീരാമന്‍ ഉപേക്ഷിച്ചത് ലോകാപവാദം ഭയന്നിട്ടാണ്. ആ ലോകാപവാദമാണ് പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി. ഇവര്‍ക്ക് രണ്ടാള്‍ക്കും (ടി സിദ്ദിഖിനും, സന്ദീപ് വാര്യര്‍ക്കും) അത് മനസ്സിലാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് നേര്‍ക്ക് സംശയത്തിന്റെ ഒരു കരിനിഴലും വീഴാന്‍ ഈ പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി അനുവദിക്കില്ല. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

മുഖ്യമന്ത്രിയെ ശ്രീരാമനോടും ശിവശങ്കറിനെ സീതാദേവിയോടും ഉപമിച്ചതില്‍ എന്‍എന്‍ കൃഷ്ണദാസിനോട് കഷ്ടം തോന്നുന്നുവെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഇത്രയും മോശം ആളുകളുമായി ശ്രീരാമനെയും സീതയെയും താരതമ്യപ്പെടുത്തരുതായിരുന്നുവെന്നും തൊട്ടടുത്ത ഊഴത്തില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.ജനപ്രതിനിധികളടക്കം ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in