ആഭ്യന്തര വകുപ്പിനെതിരെ നിരന്തരം പരസ്യ പ്രതികരണം നടത്തുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് സിപിഐഎം. അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ല. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തണം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന
'നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐ(എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.'