യുവാക്കളെല്ലാം ബിജെപിയിലേക്കും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്കും, ആശങ്ക പങ്കുവെച്ച് ബംഗാള്‍ സിപിഎമ്മിന്റെ ആഭ്യന്തര രേഖ

യുവാക്കളെല്ലാം ബിജെപിയിലേക്കും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്കും, ആശങ്ക പങ്കുവെച്ച് ബംഗാള്‍ സിപിഎമ്മിന്റെ ആഭ്യന്തര രേഖ
Published on

യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സിപിഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അംഗത്വ പുനര്‍നിര്‍ണയത്തിന് ശേഷം അയച്ച ആഭ്യന്തര കത്തില്‍ വ്യക്തമാക്കുന്നു. ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസുമാണ് യുവാക്കളെ ആകര്‍ഷിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

18നും 31നും ഇടയില്‍ പ്രായമുള്ളവരുടെ പിന്തുണ കുറയുന്നുവെന്നാണ് സിപിഎമ്മിന്റെ ആഭ്യന്തര ആശയവിനിമയത്തില്‍ വെളിപ്പെടുത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പുതിയ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ്.

അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊല്‍ക്കത്ത പ്ലീനത്തില്‍ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തില്‍ നിന്ന് 20ഉം 25ഉം ശതമാനമായി ഉയര്‍ത്തണമെന്ന് നിശ്ചയിച്ചിരുന്നു. മൂന്നു വര്‍ഷത്തിനകം ഇത് നടപ്പാക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായില്ലെന്ന് മാത്രമല്ല, യുവാക്കളുടെ എണ്ണം കുറയുകയാണെന്നുമാണ് വിലയിരുത്തല്‍.

പശ്ചിമ ബംഗാള്‍ സിപിഎമ്മില്‍ 2011ന് മുമ്പ് 3 ലക്ഷത്തിന് മുകളില്‍ അംഗങ്ങളുണ്ടായിരുന്നു. 2015ല്‍ ഇത് 2.56 ലക്ഷമായും 2018ല്‍ 1.96 ലക്ഷമായും കുറഞ്ഞു. 2020ലെ അംഗത്വപുനര്‍നിര്‍ണയ പ്രകാരം 1.60 ലക്ഷമാണ് അംഗസംഖ്യ. പരിശീലന പരിപാടികളുള്‍പ്പടെ സംഘടിപ്പിക്കാതെ വന്നതോടെയാണ് നിരവധി പേര്‍ പാര്‍ട്ടി വിട്ടതെന്നും കത്തില്‍ പറയുന്നു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളില്‍ നിലവില്‍ പാര്‍ട്ടിയുടെ പ്രധാന പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ യുവജനങ്ങളുടെ വന്‍തോതിലുള്ള കുറവ് പരിഹരിക്കാന്‍ സംഘടനയുടെ എല്ലാ ഘടകങ്ങളും ശ്രദ്ധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൊവിഡ്, ഉംഫാന്‍ ചുഴലിക്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിരവധി യുവാക്കള്‍ പങ്കാളികളായിരുന്നു. എന്നാല്‍ ഇവരാരും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്തതിന്റെ കാരണം കണ്ടെത്തണമെന്നും കത്തില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in