ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ഇനിമുതല്‍ സി.പി.ഐ.എം. പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ചാനലിന്റെ കേരളത്തിലെ ഉത്തരവാദിത്തപ്പെട്ടയാള്‍ പാര്‍ട്ടി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ ദ ക്യുവിനോട് പറഞ്ഞു.
'ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ജനാധിപത്യപരമായ രീതിയില്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഏഷ്യാനെറ്റ് ചാനലില്‍ നിന്ന് കുറച്ചു നാളായി ലഭിക്കുന്നുണ്ടായിരുന്നില്ല, ഇങ്ങനെയാണെങ്കില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധിക്കില്ല എന്ന നിലപാടായിരുന്നു സി.പി.ഐ.എം. സ്വീകരിച്ചത്.
ചാനലിന്റെ കേരളത്തിലെ ഉത്തരവാദിത്തപ്പെട്ടയാള്‍ എകെജി സെന്ററിലെത്തി പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനം. ചര്‍ച്ചയുടെ ഭാഗമായി ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും സി.പി.ഐ.എം. പ്രതിനിധികള്‍ക്കും ലഭിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതില്ലെന്ന് തീരുമാനുക്കുകയായിരുന്നു', എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജൂലൈ 20നായിരുന്നു ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് സി.പി.ഐ.എം തീരുമാനിച്ചത്. ചാനലിലെ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കാനും സമയം നല്‍കുന്നില്ലെന്ന് കാണിച്ചായിരുന്നു തീരുമാനം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സി.പി.ഐ.എം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി. രാധാകൃഷ്ണന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞത്. സ്പീക്കര്‍ക്ക് സഭയിലെ പ്യൂണ്‍ ആകാനുള്ള യോഗ്യതയില്ലെന്ന വിനു വി ജോണിന്റെ പരാമര്‍ശം കേവല പ്രയോഗമാണ്. ഏഷ്യാനെറ്റിനെ മഞ്ഞപ്പത്രമെന്ന് വിമര്‍ശിച്ചപ്പോഴാണ് ദേശാഭിമാനി പത്രാധിപര്‍ മാന്യതയും അമാന്യതയും പഠിപ്പിക്കേണ്ടെന്ന് അവതാരകന്‍ പറഞ്ഞതെന്നും എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.