ലൈഫ്,സ്വര്‍ണക്കടത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഎം, ബഹിഷ്‌കരണമില്ലെന്ന് എം.വി ഗോവിന്ദന്‍

ലൈഫ്,സ്വര്‍ണക്കടത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഎം, ബഹിഷ്‌കരണമില്ലെന്ന് എം.വി ഗോവിന്ദന്‍
Published on

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിപിഎം തീരുമാനം. ഈ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തല്‍ക്കാലം പങ്കെടുത്തില്ലെന്ന് എകെജി സെന്ററില്‍ നിന്നും ചാനലുകളെ അറിയിച്ചു. അതേസമയം ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനല്ല, മൂന്നുമാസമായി തുടരുന്ന ഒരേ ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ ദ ക്യുവിനോട് പറഞ്ഞു.

'ഒരേ ചര്‍ച്ച മൂന്ന് മാസമായി തുടരുന്നു, മറ്റെന്ത് വിഷയമുണ്ടായാലും അതൊന്നും പ്രശ്‌നമല്ല. ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കില്ല, അവര്‍ക്ക് താല്‍പര്യമുള്ളവരെ കൊണ്ട് സംസാരിപ്പിക്കും. അതുപോലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. അല്ലാതെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിട്ടില്ല', എം.വി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധത സൃഷ്ടിക്കാനും, ഇടത് വിരുദ്ധ മനോഭാവം ഉണ്ടാക്കാനും ഒരേ വിഷങ്ങളിലൂന്നി മൂന്ന് മാസം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഏകപക്ഷീയമായി ആക്രമിച്ച് ചര്‍ച്ച നടത്തുന്നു എന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ചാനലുകളുടെ മറ്റ് ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കും.

സ്വര്‍ണക്കടത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കാര്യമായി പ്രൈം ടൈം ചര്‍ച്ചകള്‍ക്ക് പോലും ചാനലുകള്‍ മുതരുന്നില്ല. സ്വപ്ന സുരേഷിന്റെ മൊഴിയില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം സ്ഥാപിക്കാന്‍ ആണ് ചാനലുകള്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വത്തിന് വിമര്‍ശനം ഉണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് ഉള്ളതെന്നും, മാനേജ്‌മെന്റിന്റെ കോര്‍പറേറ്റ് താല്‍പര്യത്തിന് അനുസരിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ പാര്‍ട്ടി സെന്ററില്‍ നിന്ന് നിശ്ചയിച്ച് നിയോഗിക്കുന്ന രീതിയാണ് സിപിഎം പിന്തുടരുന്നത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകള്‍ പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in