പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായത്. പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ല. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ജാഗ്രതക്കുറവാണെന്നും വിമര്‍ശനമുയര്‍ന്നു.
യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികള്‍ ചോദിച്ചു. നേരത്തെ സൗത്ത് ഏരിയാ കമ്മിറ്റക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്ന അലന്‍ ഷുഹൈബിനും, താഹ ഫസലിനും എതിരെയായിരുന്നു യു.എ.പി.എ ചുമത്തി കേസെടുത്തത്. ഇതിനെതിരെ നേരത്തെ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു.
കേസില്‍ രണ്ടാം പ്രതിയായിരുന്ന താഹയ്ക്ക് ഒക്ടോബര്‍ അവസാനമായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി അലന്‍ ഷുഹൈബിന്‍ എന്‍.ഐ.എ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അലന്‍ ഷുഹൈബിന്റ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.