ഗവര്‍ണര്‍ അനാവശ്യവിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യം: രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

ഗവര്‍ണര്‍ അനാവശ്യവിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യം: രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം
Published on

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗവര്‍ണറെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പിന്നില്‍ മറ്റെന്തോ ഉദ്ദേശമാണെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ല. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായെന്നും പത്രം വിമര്‍ശിക്കുന്നു.

'പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആകെ വികാരം പ്രതിഫലിപ്പിക്കുന്നതിനായി 2020 ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗവര്‍ണര്‍ എന്ന പദവിയുടെ ചുമതലകള്‍ മറന്നുകൊണ്ടുള്ള ആ നിലപാട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നുവെന്നത് പിന്നീടുള്ള അനുഭവമാണ്. നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ രണ്ടാംതവണയും സംസ്ഥാന സര്‍ക്കാര്‍ നല്കിയപ്പോള്‍ അതനുസരിച്ച് സഭ വിളിച്ചുചേര്‍ക്കുകകയും സി.എ.എ പിന്‍വലിക്കണമെന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിനെതിരെ നിലപാടെടുക്കുവാന്‍ സംസ്ഥാന നിയമസഭയ്ക്ക് വ്യവസ്ഥയില്ലെന്ന വാദമാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടുവച്ചത്,' മുഖപ്രസംഗത്തില്‍ പറയുന്നു.

ഗവര്‍ണര്‍ അനാവശ്യവിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യം: രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം
കേരളം മുന്നോട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഗവര്‍ണര്‍ ഊര്‍ജം പകരരുത്; മുഖ്യമന്ത്രി പറഞ്ഞത്, പൂര്‍ണരൂപം

ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

അടിയുറച്ച രാഷ്ട്രീയക്കാര്‍ക്ക് വഹിക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. കശ്മീരിലും ഗോവയിലും യു.പിയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പാവകളായി മാറുന്നു. ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണ്.

മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന ഗവര്‍ണര്‍ നടത്തണമെന്നും പത്രം പറയുന്നു.

ഗവര്‍ണറുമായുള്ള പ്രശ്‌നങ്ങളില്‍ സമവായത്തിന് ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ സ്ഥാനത്ത് ഇരിക്കുന്നതാണ് സര്‍ക്കാരിന് താത്പര്യമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in