ഡിപ്ലൊമാറ്റിക് ബാഗേജ് മുഖേന സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസില്‍ സര്‍ക്കാരിന് നേരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
സ്വപ്‌ന സുരേഷിന് ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഐടി സെക്രട്ടറിയുടെയും മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐഎഎസ്സിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. മുന്‍സര്‍ക്കാരിന്റെ കാലത്തുനടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്‌ന സുരേഷിന്റെ പുറത്താക്കലും എം. ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും. നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വര്‍ണ്ണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരാനുള്ള നടപടികളുണ്ടാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.