'എം.എം മണിയുടേത് പുലയാട്ട് ഭാഷ'; ജാതി അധിക്ഷേപ പരാമര്‍ശവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി

'എം.എം മണിയുടേത് പുലയാട്ട് ഭാഷ'; ജാതി അധിക്ഷേപ പരാമര്‍ശവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി
Published on

എം.എം മണിക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. മണിയുടേത് 'പുലയാട്ട് ഭാഷ' എന്നായിരുന്നു കെ.കെ.ശിവരാമന്റെ പരാമര്‍ശം. ആനിരാജക്കെതിരെ എം.എം.മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ പ്രതികരിക്കവെയായിരുന്നു കെ.കെ.ശിവരാമന്റെ പരാമര്‍ശം.

ആനി രാജയ്ക്കെതിരെ എം.എം.മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണ്. ആനി രാജ ഡല്‍ഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. പുലയാട്ട് ഭാഷ എം.എം.മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. രാഷ്ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ എം.എം മണി മനുസ്മൃതിയുടെ പ്രചാരകനായി മാറിയോ എന്ന് എനിക്ക് അറിയില്ല, കെ.കെ.ശിവരാമന്‍ പറഞ്ഞു.

എം.എം.മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. വളരെ നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പറയുന്നത് മര്യാദയില്ലാത്ത വര്‍ത്തമാനമാണ്. മണിയുടെ ഭാഷാപ്രയോഗങ്ങളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം വൃത്തികെട്ട പദങ്ങളെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വരൂ എന്നും അത് അദ്ദേഹത്തിന്റെ സംസ്‌കാരം അത് തന്നെ ആയതുകൊണ്ടാണ് എന്നും ശിവരാമന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in