കണ്ണൂര്‍ സര്‍വകലാശാല വിഷയത്തിലടക്കം സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനങ്ങളെ വെല്ലുവിളിച്ചുമാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്നും ജനയുഗം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തെരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് കേരള ഗവര്‍ണര്‍. കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ക്കെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇപ്പോള്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി താന്‍തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍ (വി.സി)മാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വി.സിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
2019ല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന പ്രതിഷേധം വിസിയോടെ ഒത്താശയോടെയാണെന്ന് പറഞ്ഞത് വില കുറഞ്ഞ് പ്രസ്താവനയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കേ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ അതിനെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരായ സ്വാഭാവിക പ്രതിഷേധമായിരുന്നു അന്ന് അദ്ദേഹം നേരിട്ടത്.
കണ്ണൂരില്‍ നടന്ന നിയമനങ്ങളെ കുറിച്ചുള്ള മാധ്യമ വിവാദങ്ങളില്‍ പക്ഷം ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന പ്രതികരണങ്ങള്‍ അവഗണിക്കാമെങ്കിലും ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടക്കുവാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പില്‍ പ്രതിസന്ധി തീര്‍ക്കുവാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. എന്നുമാത്രമല്ല 1974ലെ കേരള സര്‍വകലാശാല നിയമം പത്താംവകുപ്പിന് വിരുദ്ധവുമാണ് ഈ നടപടി. ചാന്‍സലറെന്ന നിലയില്‍ സര്‍വകലാശാലയുടെ ഉന്നമനത്തെയും നേട്ടങ്ങളെയും ലക്ഷ്യം വയ്‌ക്കേണ്ട ഗവര്‍ണര്‍ അതിന് തുരങ്കം വയ്ക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അന്ധമായ രാഷ്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.