ഗണേഷ് കുമാര്‍ എം.എല്‍.എ ഇടത് സ്വഭാവം ആര്‍ജിച്ചിട്ടില്ലെന്ന് സി.പി.ഐ. പാര്‍ട്ടിയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലാണ് കേരള കോണ്‍ഗ്രസ് ബി നേതാവായ ഗണേഷിനെതിരെ സി.പി.ഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തന്നിഷ്ട പ്രകാരമാണ് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രവര്‍ത്തനം. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ എല്‍.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാന്‍ സാധിക്കുന്നില്ലെന്നും വിമര്‍ശനം.
ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ല. ഗണേഷിന് മന്ത്രിമാരോട് അലര്‍ജിയാണെന്നും സി.പി.ഐ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എം ശ്രമിച്ചതായും പാര്‍ട്ടിയുടെ മണ്ഡല സമ്മേളനത്തില്‍ വിമര്‍ശനമുണ്ട്. പലയിടത്തും വിമതരെ നിര്‍ത്തി. പല പഞ്ചായത്തുകളിലും ഭരണസമിതിയില്‍ സി.പി.ഐ പ്രാതിനിധ്യമില്ലാത്തത് സി.പി.ഐ.എമ്മിന്റെ അജണ്ടയുടെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.