ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍ കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ലോകത്ത് ഇതുവരെ ഇല്ലാത്ത വിധത്തിലാണ് കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയായി കുതിച്ചുയരുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലോകത്ത് 6.55 മില്ല്യണ്‍ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത് വ്യാപനത്തിന്റെ ശക്തി കടുത്തതാണ് എന്ന് തെളിയിക്കുന്നതാണ്. 2020 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന മഹാമാരി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ളതില്‍ ഏറ്റവും വലിയ നിരക്കാണിത്.
ഡെല്‍റ്റയോടൊപ്പം തന്നെ ഒമിക്രോണും പടരുന്നുവെന്നത് കേസുകളുടെ എണ്ണം സുനാമി കണക്കെ കുതിച്ചുയരാന്‍ ഇടയാക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ട്രെഡ്രൂസ് അഥനം പറഞ്ഞത്.
ഇത് ഇപ്പോള്‍ തന്നെ അതിസമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ സംവിധാനത്തെയും ബലക്ഷയത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.