സംസ്ഥാനത്തെ കോളേജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവെക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടാണ് കോളേജുകളില്‍ ക്ലാസ്സുകളും പരീക്ഷകളും നടത്തുന്നതെന്നും ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു.
കോളേജുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും കോവിഡ് ബാധിതരാകുന്നു. കോളേജുകള്‍ അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുകയുമാണ് ചെയ്യേണ്ടത്. പരീക്ഷ നടത്തിപ്പിന് പോലും അധ്യാപകരില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കോവിഡ് കൂടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കാരണമാണെന്ന് പറഞ്ഞാല്‍ തെറ്റുപറയാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.