കൊവിഡ് ഭേദമായതിന് പിന്നാലെ മാസ്‌കില്ലാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്ത് ബിജെപി എംഎല്‍എ; മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം

കൊവിഡ് ഭേദമായതിന് പിന്നാലെ മാസ്‌കില്ലാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്ത് ബിജെപി എംഎല്‍എ; മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം
Published on

കൊവിഡ് ഭേദമായി ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി എംഎല്‍എ മാസ്‌കില്ലാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്തു. ഗുജറാത്തിലെ വാഗോഡിയ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള മധു ശ്രീവാസ്തവ നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എംഎല്‍എ നൃത്തം ചെയ്യുമ്പോള്‍ അനുയായികള്‍ കൈയ്യടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സ്വന്തമായി സിനിമകള്‍ നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചിട്ടുണ്ട് മധു ശ്രീവാസ്തവ. ക്ഷേത്രത്തിലെ ഭക്തിഗാനത്തിനനുസരിച്ചാണ് നൃത്തം ചെയ്യുന്നത്. ചുറ്റും കൂടി നില്‍ക്കുന്നവരും മാസ്‌ക് ധരിച്ചിട്ടില്ല. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ആഗസ്ത് മാസം അവസാനമാണ് മധു ശ്രീവാസ്തവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് എംഎല്‍എ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പുറത്തിറക്കിയ വീഡിയോയില്‍ താന്‍ ബാഹുബലിയാണെന്നും കൊവിഡിനെ പൊരുതി തോല്‍പ്പിക്കുമെന്നും അവകാശപ്പെട്ടിരുന്നു.

നൃത്തം ചെയ്യുന്ന വീഡിയോ തന്റെത് തന്നെയാണെന്ന് എംഎല്‍എ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിലെത്തി നൃത്തം ചെയ്യാറുണ്ട്. 45 വര്‍ഷമായി പോകുന്ന ക്ഷേത്രമാണ്. ഒത്തുചേരലുകള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ല. സ്വകാര്യ ഒത്തുചേരലായിരുന്നുവെന്നും എംഎല്‍എ അവകാശപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in