കാസര്‍ഗോഡ് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ്, നിര്‍ദേശം ലംഘിച്ചതിന് 10 കേസുകള്‍
കാസര്‍ഗോഡ് കോവിഡ് 19 പകരാന്‍ വഴിയൊരുക്കിയ രോഗിക്കെതിരെ കേസ്. സമ്പര്‍ക്ക പാത വെളിപ്പെടുത്തുന്നതിലടക്കം ഇദ്ദേഹം നിസഹകരം പുലര്‍ത്തിയിരുന്നതായി ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു. കുഡ്‌ലു സ്വദേശിയായ ഇദ്ദേഹത്തില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നത്. വളരെ ബുദ്ധിമുട്ടായിരുന്നു സമ്പര്‍ക്ക പാത കണ്ടെത്താനെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കിയത്. കാസര്‍ഗോഡ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കാസര്‍കോട്ട് വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നതിന് ഉള്‍പ്പെടെയാണ് കേസ്.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസര്‍കോട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ട് പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കാസര്‍കോട്ടുകാര്‍ തയ്യാറാകണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല ചന്ദ്രശേഖരനാണ്. കാസര്‍കോട്ട് കൊറോണ ആദ്യം സ്ഥിരീകരിച്ചയാള്‍ ഗള്‍ഫില്‍നിന്നാണ് വന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം അന്ന് അദ്ദേഹം മലപ്പുറത്തു താമസിച്ചു. പിന്നീട് ട്രയിന്‍ മാര്‍ഗം കോഴിക്കോടുനിന്ന് കാസര്‍കോട്ടേക്ക് പോയി. കാസര്‍കോട്ടെത്തിയ ശേഷം നിരവധി പൊതുവിടങ്ങളില്‍ പോവുകയും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുത്തിരുന്നു. കൂടാതെ ഫുട്‌ബോള്‍ മത്സരങ്ങളും ക്ലബ്ബുകളും സന്ദര്‍ശിച്ചു. ഇത് മേഖലയില്‍ ആശങ്കയ്ക്ക് വഴിവെക്കുകയായിരുന്നു.