ജാതിമാറി വിവാഹിതരായതിന് ദമ്പതികളെ ബന്ധുക്കള്‍ പെട്രോളൊഴിച്ച് തീകൊളുത്തി; വധു കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ അഹ്മദ്‌നഗറില്‍ ജാതിമാറി വിവാഹം കഴിച്ചതിന് ദമ്പതികളെ ബന്ധുക്കള്‍ പെട്രോളൊഴിച്ച് തീകൊളുത്തി. 70 ശതമാനം പൊള്ളലേറ്റ 19 വയസുകാരി രുഗ്മിണി മരിച്ചു, ഭര്‍ത്താവ് മങ്കേഷ് രസിംഗ് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയില്‍ തുടരുന്നു. അഹ്മദ്‌നഗറിലെ നിഖോജ് ഗ്രാമത്തില്‍ മെയ് ഒന്നാം തിയ്യതിയാണ് സംഭവം. വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍മാരും അച്ഛനും ചേര്‍ന്നാണ് ഇരുവരേയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്.
നിലവിളിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ലോഹര്‍ സമുദായത്തില്‍ പെട്ട രുഗ്മിണിയും പാസി സമുദായത്തില്‍ പെട്ട മങ്കേഷും വിവാഹിതരായത്. വേറെ ജാതിയായതിനാല്‍ രുക്മിണിയുടെ ബന്ധുക്കള്‍ക്കു കടുത്ത എതിര്‍പ്പുണ്ടായിരുന്നു വിവാഹത്തിന്. ഇതാണ് ദുരഭിമാനക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ രുഗ്മിണിയുടെ അമ്മാവന്മാരായ സുരേന്ദ്ര ഭര്‍തിയ, ഘന്‍ശാം സരോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
രുഗ്മിണിയുടെയും മങ്കേഷിന്റെയും പ്രണയ വിവാഹത്തില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും എതിര്‍പ്പായുന്നു, കല്യാണദിവസം മങ്കേഷിന്റെ ബന്ധുക്കള്‍ എല്ലാവരും വിവാഹത്തില്‍ സഹകരിച്ചെങ്കിലും രുക്മിണിയുടെ അമ്മ മാത്രമായിരുന്നു പങ്കെടുത്തത്.
അന്നുമുതല്‍ ദമ്പതികളെ അപായപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രുക്മിണിയുടെ ബന്ധുക്കളെന്ന് കേസിന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ ബൊത്രെ പറയുന്നു.
ഏപ്രില്‍ മുപ്പതിന് മങ്കേഷും രുക്മിണിയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രുക്മിണി സ്വന്തം വീട്ടിലേക്ക് വന്നതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത്. രുക്മിണിയെ തിരിച്ചുവിളിക്കാന്‍ വേണ്ടി മങ്കേഷ് എത്തിയപ്പോഴാണ് ബന്ധുക്കള്‍ ഇരുവരെയും മുറിയിലടച്ച് തീകൊളുത്തിയത്.
നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രുക്മിണി ഞായറാഴ്ച രാത്രി മരണത്തിന് കീഴടങ്ങി.