പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തം. അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്കാണെന്ന് തൃക്കാക്കര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു.
'പി.ടി തൃക്കാക്കരക്കാരുടെ അഭിമാനമായിരുന്നു. അതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ വിജയം. പി.ടി എന്തായിരുന്നു എന്ന് കേരള ജനത ഒരുമിച്ച് കണ്ടതാണ്. ഈ വിടവ് പി.ടുയുണ്ടാക്കിയെന്നത് സങ്കടകരമായ കാര്യമാണ്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത, ഒരു രാജകുമാരനെ പോലുള്ള യാത്രയയപ്പ് അല്ലേ കേരള ജനത അദ്ദേഹത്തിന് നല്‍കിയത്,'' അബദ്ധമല്ല, അഭിമാനമാണ് പി.ടി തോമസെന്നും ഉമ തോമസ് പറഞ്ഞു.
മുഖ്യമന്ത്രിയെ പോലൊരാള്‍ക്ക് ചേരാത്ത പ്രയോഗമാണ് പിണറായി വിജയന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ''എത്ര നിന്ദ്യവും ക്രൂരവുമായ പ്രതികരണമാണത്. 2021ല്‍ പി.ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും പറയുമ്പോള്‍ നമ്മള്‍ എന്താണ് പറയേണ്ടത്.
കേരളം മുഴുവന്‍ അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ്. കാരണം കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇത്ര നിന്ദ്യമായൊരു പരാമര്‍ശം നടത്തിയത്. ഒരിക്കലും ആ സ്ഥാനത്തിരുന്ന് കൊണ്ട് പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണത്,'' വി.ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് രണ്ടാമതും അവസരം കൊടുത്തത് അബദ്ധമായതെന്നാണ് ജനം പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇനി തൃക്കാക്കരയില്‍ ആവര്‍ത്തിക്കണമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും മുരളീധരന്‍.