മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് അനുകൂലിച്ചേക്കും. വിഷയത്തില്‍ നിലപാട് രൂപീകരിക്കാന്‍ രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. ഇതിലാണ് അന്തിമ തീരുമാനമുണ്ടാവുക. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ അത് പിന്നാക്കരുടെ സംവരണം കവര്‍ന്നുകൊണ്ടാകരുത് എന്ന നയമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക. കൂടാതെ ഇതിനോട് പ്രതിഷേധിക്കാന്‍ മുസ്ലിം ലീഗിന് സ്വാതന്ത്ര്യമുണ്ടെന്ന അഭിപ്രായപ്രകടനവുമാണുണ്ടാവുക.
2016 ലെ യുഡിഎഫ് പ്രകടന പത്രികയില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്നും ഉള്‍പ്പെടുത്തിയിരുന്നു. അന്ന് മുസ്ലിം ലീഗിന്റെ വിയോജിപ്പോടെയാണ് ഈ നിര്‍ദേശം പത്രികയില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തിക സംവരണത്തിനെതിരെ സമാന മനസ്‌കരായ കക്ഷികളെയും സംഘടനകളെയും അണിനിരത്താനാണ് മുസ്ലീം ലീഗ് ശ്രമം. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. മറ്റ് മുസ്ലിം സംഘടനകള്‍ക്കൊപ്പം എസ്എന്‍ഡിപിയെ കൂടെ നിര്‍ത്താന്‍ ലീഗ് ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഒന്നിച്ചുള്ള സമരം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നാണ് എസ്എന്‍ഡിപി നിലപാട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പിഎം മുബാറക് പാഷയെ നിയമിച്ച നടപടിയെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുസ്ലിം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയല്‍. ഇതിലടക്കം ലീഗ് നിലപാടുകളോട് എസ്എന്‍ഡിപിക്ക് കടുത്ത വിയോജിപ്പുണ്ട്. പൊതുമെറിറ്റിലെ അമ്പതുശതമാനത്തില്‍ നിന്നാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം നല്‍കുന്നതെങ്കില്‍ എതിര്‍ക്കില്ലെന്നാണ് എസ്എന്‍ഡിപി നിലപാട്. എന്നാല്‍ ആകെയുള്ളതില്‍ പത്തുശതമാനത്തില്‍ നിന്നാണെങ്കില്‍ ശക്തമായി എതിര്‍ക്കാനുമാണ് തീരുമാനം.